Thursday, September 24, 2020

Archive

  1. റോഷന്‍ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിയിൽ അയര്‍ലണ്ട് മലയാളിയും.

    Leave a Comment

    ഡബ്ലിൻ മലയാളിയായ ബിനു ജോസഫ് ലൂക്കിന് ഇത് അഭിമാന നിമിഷം. ഒപ്പം അയര്‍ലണ്ട് മലയാളികൾക്കും. ഡിസംബർ 20 ന് റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രം ‘ പ്രതി പൂവൻകോഴി’ യിലൂടെ ബിനു ഒരിക്കൽ കൂടി മലയാളി പ്രേക്ഷകരുടെ മുൻപിലേക്ക് കടന്നുവരികയാണ്. ഇതിനു മുൻപ് ‘മുംബൈ പോലീസ്’ , ‘ലേഡീസ് ആൻഡ് ജെന്റിൽമാൻ’ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും അതിൽ മുംബൈ പൊലീസിലെ പൃഥ്വിരാജുമൊത്തുള്ള രംഗം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അഭിനയ രംഗത്തെ വളരെയധികം ഇഷ്ട്ടപ്പെടുന്ന ബിനു ജോസഫ് ലൂക്ക് ഇതിനകം നാടകം, ഹ്രസ്വ ചിത്രം തുടങ്ങിയ നിരവധി മേഖലകളിൽ അയർലണ്ടിൽ ശ്രദ്ധേയനാണ്. 

    ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം നിർവഹിക്കുന്ന ‘പ്രതി പൂവൻ കോഴി’ യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉണ്ണി ആർ ആണ്. മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അനു ശ്രീ, ഗ്രേസ് ആന്റണി, അലൻസിയർ തുടങ്ങിയ വൻതാരനിര തന്നെ അണിനിരക്കുന്നു.  ത്രില്ലർ ചിത്രമായി ഒരുക്കിയിരിക്കുന്ന പ്രതി പൂവൻ കോഴിയിൽ സംവിധായകനായ റോഷൻ ആൻഡ്രൂസും അഭിനയിക്കുന്നു.ചിത്രത്തെ കുറിച്ച് ബിനു ജോസഫ് ലൂക്ക് മികച്ച പ്രതീക്ഷയിലാണ്.ഇതിനു മുൻപ് രണ്ടു സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ക്യാരക്ടർ റോൾ ചെയ്യുന്നത് ഈ ചിത്രത്തിലാണ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇറങ്ങുന്ന റോഷൻ ആൻഡ്രൂസ് ചിത്രം, സംവിധായകൻ തന്നെ അഭിനയിക്കുന്ന ചിത്രം, മഞ്ജു വാര്യരുടെ കരിയറിലെ മികച്ച റോൾ അങ്ങനെ ഒട്ടേറെ പ്രത്യേകതകളോടെ ആണ് പ്രതി പൂവൻ കോഴി മലയാളികളുടെ മുൻപിലേക്കെത്തുന്നത്. ഈ വർഷത്തെ ക്രിസ്തുമസ്, പുതുവർഷ സൂപ്പർ ഹിറ്റായി ചിത്രം മാറുമെന്ന് ബിനു പറയുന്നു.ചിത്രത്തിലെ ഗാനങ്ങളും ട്രെയിലറും ഇതിനകം തന്നെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ്.

    സൈക്യാട്രിക് നേഴ്സ് ആയി ജോലി നോക്കുന്ന ബിനു ഭാര്യ അനുവിനോടും മക്കളായ അലീന, ആരോൺ, ആഞ്ചലീന എന്നിവരോടൊപ്പം അയർലണ്ടിൽ ഡബ്ലിനിലാണ് താമസിക്കുന്നത്. ചിത്രം കാണുന്ന മലയാളികൾ തീർച്ചയായും ബിനുവിനെ ശ്രദ്ധിക്കുക. അപ്പോൾ മറക്കേണ്ട. പ്രതി പൂവൻ കോഴി.

    ജോര്‍ഡിസ് ഫിലിംസ്