Tuesday, October 27, 2020

ക്രിസ്മസ് കാർഡുകളിൽ തടവുകാരുടെ സന്ദേശങ്ങൾ; ചൈനീസ് കമ്പനിയിൽ നിന്നും ക്രിസ്മസ് കാർഡുകൾ വാങ്ങുന്നത് നിർത്തലാക്കി ടെസ്‌കോ

Updated on 24-12-2019 at 2:17 pm

ലണ്ടൺ: ബ്രിട്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ടെസ്കോ. ചൈനീസ് കമ്പനിയുടെ ക്രിസ്‍മസ് കാര്‍ഡുകള്‍ വാങ്ങുന്നത് നിര്‍ത്തി. ക്രിസ്‍മസ് കേക്കുകള്‍ക്കൊപ്പം നല്‍കാനുള്ള ആശംസാ കാര്‍ഡുകളില്‍ തടവുകാരുടെ സന്ദേശങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ചൈനീസ് കമ്പനിയുടെ കാര്‍ഡുകള്‍ വാങ്ങേണ്ടെന്ന് ടെസ്‍കോ തീരുമാനിച്ചത്.

ചൈനയിലെ ജയിലുകളില്‍ കഴിയുന്ന വിദേശ തടവുകാരാണ് കാര്‍ഡുകള്‍ പായ്ക്ക് ചെയ്‍തത്. തടവുകാരെ കൊണ്ട് ഈ ജോലി ചെയ്യിച്ചുവെന്നത് അംഗീകരിക്കാനാകാത്തതാണെന്നും തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനി ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്നും ടെസ്‍കോ വക്താവ് വ്യക്തമാക്കി. കൂട്ടുകാര്‍ക്ക് നല്‍കാനായി ക്രിസ്‍മസ് കാര്‍ഡ് വാങ്ങാനെത്തിയ ഫ്ലോറന്‍സ് വിഡ്ഡികോമ്പെ എന്ന പെണ്‍കുട്ടിയാണ് തടവുകാരുടെ സന്ദേശങ്ങള്‍ കണ്ടെത്തിയത്. കാര്‍ഡിലെ സന്ദേശങ്ങള്‍ കണ്ട് ‌ഞെട്ടിയ പെണ്‍കുട്ടി പിതാവിനെ അറിയിച്ചു.

”ചൈനയിലെ ഷാങ്ഹായ് ക്വിങ്പു ജയിലിലെ വിദേശ തടവുകാരാണ് ഞങ്ങള്‍. ഇവിടെ ഞങ്ങളെ നിര്‍ബന്ധിതമായി ജോലി ചെയ്യിക്കുകയാണ്. ഇക്കാര്യം മനുഷ്യാവകാശ സംഘടനയെ അറിയിക്കണം. നാല് വര്‍ഷം മുമ്പ് ഇതേ ജയിലില്‍ തടവിലായിരുന്ന ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പീറ്റര്‍ ഹംഫ്രിയെ ബന്ധപ്പെടുക.” – ഇതായിരുന്നു കാര്‍ഡിലെ സന്ദേശം.

ബ്രിട്ടനിലെ ഏറ്റവും വലിയ ചെറുകിട വില്‍പന ശൃംഖലയായ ടെസ്‍കോ ഓരോ വര്‍വും ക്രിസ്‍മസ് കാര്‍ഡുകളുടെ വില്‍പനയിലൂടെ ലഭിക്കുന്ന മൂന്ന് ലക്ഷം പൗണ്ട് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനും യുകെ കാന്‍സര്‍ റിസര്‍ച്ചിനും ഡയബെറ്റ്സ് യുകെയ്ക്കുമാണ് സംഭാവന ചെയ്യുന്നത്.

comments


 

Other news in this section