Saturday, August 15, 2020

Archive

 1. പഴയ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് കാരണം H.S.E പാഴാക്കുന്നത് ലക്ഷങ്ങൾ.

  Leave a Comment

  സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദശലക്ഷക്കണക്കിന് യൂറോയുടെ ധനബില്ലിനെ അഭിമുഖീകരിക്കാനൊരുങ്ങി HSE. സൈബർ ആക്രമണങ്ങൾ നേരിടുന്ന ആശുപത്രികൾക്ക് അടിയന്തിര സംരക്ഷണം നൽകുന്നതിന്  മൈക്രോസോഫ്റ്റ് ഫീസുകൾ ഏർപ്പെടുത്തിയതോടെയാണ്   HSE ചിലവുകൾ വർധിച്ചത്.

  അഞ്ചു വർഷങ്ങൾക്കു മുൻപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, അടുത്തയാഴ്ചയോടെ  മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ്സിസ്റ്റം വിൻഡോസ് 7  സുരക്ഷകാര്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും. ഐ.ടി സുരക്ഷാ വിദഗ്ധരിൽ നിന്നും മൈക്രോസോഫ്റ്റിൽ നിന്നും സമയപരിധിയെ  സംബന്ധിച്ച് ആരോഗ്യമേഖലയ്ക്ക്  ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ലഭിച്ചിരുന്നുവെങ്കിലും, 58,000 PCകളിലും  46,000 ലാപ്ടോപ്പുകളിലും കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ്സിസ്റ്റം ഉപയോഗിക്കുന്നുണ്ട്. ഇവ മാറ്റി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.


  അടിയന്തര നടപടികൾ മൈക്രോസോഫ്റ്റുമായി ചേർന്ന് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും ഇതിന്റെ ചെലവ് എത്രയാകുമെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് HSE വക്താവ് അറിയിച്ചു. മൈക്രോസോഫ്റ്റ് കമ്പനിയുമായി ബന്ധപ്പെട്ടവർ HSE അധികൃതരോട് ഇതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ അറിയിച്ചിട്ടില്ലെന്നും, ഏകദേശം ഒരു പിസിക്ക് പ്രതിവർഷം 50 ഡോളർ എന്ന നിരക്കിൽ ചെലവ് വരുമെന്നും ഇത് ഓരോ വർഷവും ഇരട്ടിയാകുമെന്നും അവർ പറഞ്ഞു.


  ഇതു പ്രകാരം 2020-ൽ HSE 2.3 മില്യൺ ഡോളറിന്റെ ബിൽ അടക്കേണ്ടി വരുമെന്നും,  കാലഹരണപ്പെട്ട ഈ സംവിധാനങ്ങൾ നിലനിൽക്കുകയാണെങ്കിൽ 2021 ൽ ഇത് വീണ്ടും ഉയരുമെന്നുമാണ് വിവരം. ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനുള്ള  മൈക്രോസോഫ്റ്റിന്റെ പ്രതിഫലം എത്രയാണെന്നുള്ള കാര്യം ഇതുവരെ അവർ പുറത്തുവിട്ടിട്ടില്ലെന്നും അതിനാൽ HSEക്ക് ഈ കാര്യത്തിൽ അഭിപ്രായം പറയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു.


  മൂന്ന് വർഷം മുമ്പ്, Windows XP PCകൾ അപ്ഗ്രേഡ് ചെയ്യുന്നതിൽ HSE പരാജയപ്പെടുകയും WannaCry ransomware വൈറസിന്റെ ആക്രമണ ഫലമായി സിസ്റ്റങ്ങൾ താൽക്കാലികമായി പ്രവർത്തനരഹിതമാവുകയും ഇത് UKയിലെ  ആശുപത്രികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുകയും ചെയ്തു. വിൻഡോസ് 7 കമ്പ്യൂട്ടറുകൾക്ക് ഉണ്ടായ തകരാർ ആരോഗ്യമേഖലയോടൊപ്പം മറ്റു മേഖലകളെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
  പൗരന്മാരെക്കുറിച്ചുള്ള നിർണായക രേഖകൾ സൂക്ഷിക്കുന്ന എം‌പ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ അഫയേഴ്‌സ് വകുപ്പും (11,000 PC) നീതിന്യായ വകുപ്പും (3,700) പോലും Windows 7 ആണ് ഉപയോഗിക്കുന്നത്.


  HSE-യ്ക്ക് പിന്തുണ നൽകുന്നതിനെക്കുറിച്ചോ  വിൻഡോസ് 7 ൽ നിന്നും അപ്ഗ്രേഡ് ചെയ്യാത്തവയെ  ലക്ഷ്യം വച്ചുള്ള പ്രീമിയം സപ്പോർട്ട് സേവനങ്ങളുടെ വിലയെ പറ്റിയോ ഉള്ള വിവരങ്ങൾ വെളിപ്പെടുത്താനും  മൈക്രോസോഫ്റ്റ് വിസമ്മതിച്ചു.
  കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ HSE-യിൽ നിരവധി ചീഫ് ഇൻഫർമേഷൻ ഓഫീസർമാർ എത്തിയെങ്കിലും  IT മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു . 58,000 പിസികളിലും    46,000 ലാപ്ടോപ്പുകളിലും ഇപ്പോഴും വിൻഡോസ് 7 പ്രവർത്തിക്കുന്നുണ്ടെന്നും നവംബറിൽ സ്ഥിരീകരിച്ചു. Ransomware വൈറസുകളിൽ നിന്നുള്ള ആക്രമണസാധ്യത ശക്തമായി ഇപ്പോഴും  തുടരുന്നു.


  ഈ ആഴ്ച, വൻകിട അന്താരാഷ്ട്ര വിദേശ നാണയ വിനിമയ സ്ഥാപനമായ Travelex -നെ  ransomware വൈറസ്  ആക്രമിച്ചിരുന്നു. Sodinokibi ransomware (REvil ransomware) വൈറസുകളാണ് ഹാക്കർമാർ ഇതിനായി ഉപയോഗിച്ചത്. വൈറസ്‌ ആക്രമണം മൂലം പ്രവർത്തനരഹിതമായ ഓൺലൈൻ കറൻസി സേവനങ്ങൾ  ഇപ്പോഴും പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.സൈബർ ആക്രമണത്തെക്കുറിച്ച് UK പോലീസ് അന്വേഷണം തുടരുകയാണ്.
  Statcounter ന്റെ കണക്കുകൾ പ്രകാരം അയർലണ്ടിൽ അഞ്ചിൽ ഒന്ന് PC-കൾ വിൻഡോസ് 7 ഉപയോഗിക്കുന്നു.കമ്പ്യൂട്ടറുകൾ Windows10 ലേക്ക് അപ്‌ഗ്രേഡുചെയ്യാനോ പുതിയ PC-കൾ വാങ്ങുമ്പോൾ Windows 10 ഇൻസ്റ്റാൾ ചെയ്ത് വാങ്ങുകയോ ചെയ്യണമെന്ന് കമ്പനി അറിയിച്ചു .