Saturday, August 15, 2020

Archive

  1. ഹോളിവുഡ്‌ താരങ്ങൾക്കും കോവിഡ്‌

    Leave a Comment

    ലോകം മുഴുവൻ ഭീതി പരത്തുന്ന കോവിഡ്‌–- 19  ഹോളിവുഡിനെയും കീഴടക്കി. ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,  ക്രിസ്‌റ്റഫർ ഹിവ്‌ജു, ഇഡ്രിസ്‌ എൽബ എന്നിവർക്ക്‌  വൈറസ്‌ ബാധ സ്ഥിരീകരിച്ചു.  സാമൂഹ്യമാധ്യമത്തിലൂടെയാണ്‌ മൂവരും ഇക്കാര്യം  ലോകത്തെ അറിയിച്ചത്‌.

    ജയിംസ്‌ ബോണ്ട്‌ ചിത്രമായ ‘ക്വാണ്ടം ഓഫ്‌ സൊളാസ്‌’ നായികയാണ്‌ ഓർഗ. കോവിഡ്‌ ടെസ്‌റ്റ്‌ പോസറ്റീവായ ഓൾഗയ്‌ക്ക്‌ ഒരാഴ്ചയായി പനിയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ്  കോവിഡ്‌ സ്ഥിരീകരിച്ചത്. പനിക്കൊപ്പം തലകറക്കവുമായിരുന്നു ഓൾഗയ്‌ക്ക് ഉണ്ടായിരുന്ന രോഗലക്ഷണം. ഐസൊലേഷനിലാണ്‌ ഓൾഗ ഇപ്പോൾ. എല്ലാവരും വേണ്ട കരുതലുകൾ എടുക്കൂ എന്നും താരം ആഹ്വാനം ചെയ്യുന്നു.

    ഗെയിം ഓഫ്‌ ത്രോൺസ്‌ സീരിസിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ്‌ ക്രിസ്‌റ്റഫർ ഹിവ്‌ജു. കഴിഞ്ഞ ദിവസം തനിക്ക്  കോവിഡ്–- 19 സ്ഥിരീകരിച്ചെന്നും ഇപ്പോള്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയുമാണെന്നും ക്രിസ്‌റ്റഫർ ഹിവ്‌ജു സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. എല്ലാവരും ജാഗരൂകരായിരിക്കണമെന്നും വൈറസ് വ്യാപനത്തെ തടയാന്‍ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    തോര്‍, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഇഡ്രിസ്‌ എൽബ. തനിക്ക് അസുഖത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍,  വൈറസ് ബാധ ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത്‌ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചെന്നും ഇഡ്രിസ്‌ പറഞ്ഞു.

    അതേസമയം കോവിഡ്‌ ബാധയെ തുടർന്ന്‌ കഴിഞ്ഞ ആഴ്‌ച ചികിത്സയിലായിരുന്ന അമേരിക്കൻ നടൻ ടോം ഹാങ്ക്‌സും ഭാര്യ റിത വിൽസനും ആശുപത്രി വിട്ടു. ഓസ്‌ട്രേലിയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു  ഇവർ. ക്വീൻസ്‌ ലാൻഡിൽ വാടകയ്‌ക്കെടുത്ത വീട്ടിൽ  ഇരുവരും ഇനി സെൽഫ്‌ ക്വറന്റീനിൽ കഴിയും.