Monday, October 26, 2020

ചരിത്രത്തിലെ ഏറ്റവും ‘ഭാഗ്യവതിയായ നഴ്‌സ്’  ( അനിൽ ജോസഫ് രാമപുരം)

Updated on 13-05-2020 at 8:02 am

മിസ്. വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്.
(Miss Unsinkable)


സേവനത്തിന്‍റെ മാലാഖമാരായ നഴ്‌സ്മാരുടെ ലോകദിനമാണ് ഇന്ന്. വിളക്കേന്തിയ വനിതയെന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ‘ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ’ ജന്മദിനമായ മെയ് 12- ആണ് ലോക നഴ്സസ്‌ ദിനമായി ആചരിക്കുന്നത്‌. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്‍റെ ജീവിതത്തെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും എല്ലാവർക്കുമറിയാം, എന്നാൽ ലോകത്തിലെ ഏറ്റവും ‘ഭാഗ്യവതിയായ’ നഴ്‌സായി കണക്കാക്കപ്പെടുന്ന ഒരാളുടെ കഥ അധികമാർക്കും അറിയില്ലാ, അവരാണ് “Miss Unsinkable” എന്നാ അപരനാമത്തിൽ അറിയപ്പെടുന്ന മിസ്. വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്.


അയർലൻഡിൽ നിന്ന്, അർജന്റീനയിലേക്ക്  കുടിയേറിപ്പാര്‍ത്ത, വില്യം കാതറിൻ ദമ്പതികളുടെ ഒൻപത് മക്കളിൽ ആദ്യത്തെ മകളായിട്ടാണ് 1887 ഒക്ടോബർ 2 -മാം തിയതി വയലറ്റ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ വയലറ്റും, സഹോദരങ്ങളും ക്ഷയാരോഗത്തിന്റെ പിടിയിലമർന്നു, കുടുംബത്തിലെ മൂത്തവൾ ആയത് കൊണ്ട്, തന്റെ സഹോദരങ്ങളെ ശുശ്രൂഷിക്കേണ്ട ചുമതല വയലറ്റിനായിരുന്നു. ഒരു സർജറിയെ തുടർന്ന് പിതാവ് മരണപ്പെട്ടതിനാൽ  വയലറ്റും, കുടുംബവും വീണ്ടും ഇംഗ്ലണ്ടിലേക്ക്  മാറിതാമസിച്ചു. തുടർന്ന്, ഇംഗ്ലണ്ടിൽ പ്രാഥമിക പഠനവും, നഴ്സിങ് വിദ്യാഭ്യാസം പൂർത്തിയാക്കിയ വയലറ്റിന്  1908-ൽ ലണ്ടനിലെ റോയൽ
മെയിൽഷിപ്പ് ലൈൻ കമ്പനിയിൽ ‘ഷിപ്പ് നഴ്‌സ് സ്റ്റുവാർഡിസ്‌’ (stewardess) ആയി ജോലി ലഭിച്ചു.

അതേ വർഷം തന്നെ ‘ഓർനിക്കോ’ എന്നൊരു, താരതമേന്യ ചെറിയ ഒരു കപ്പലിൽ ജോലി ആരംഭിച്ച മിസ്. വയലറ്റ്,  1911- ൽ അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായിരുന്ന RMS ഒളിംപികിസിലേക്കു സ്ഥാനക്കയറ്റം ലഭിച്ചു. 1911 സെപ്റ്റംബർ 20 -ന് ഇംഗ്ലണ്ടിലെ സൗത്താംപ്ടൻ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ഒളിംപിക്‌സ്, മാർഗമധ്യേ ഇംഗ്ലണ്ടിന്റെ യുദ്ധകപ്പലായ ‘HMS ഹവാക്ക്’ മായി കൂട്ടിയിടിച്ചു. ഭാഗ്യവശാൽ കപ്പലിലെ യാത്രകാർക്കോ, ജീവനാകാർക്കോ അപകടമരണങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ കപ്പൽ തിരിച്ചു തീരത്തണഞ്ഞു.

അതിനുശേഷം, പിറ്റേവർഷം 1911-ൽ തന്റെ 24-മത്തെ വയസ്സിൽ വയലറ്റിനെ ജോലിയ്ക്കായി കമ്പനി നിയോഗിച്ചത്, RMS ടൈറ്റാനിക്കിൽ ആയിരുന്നു. 1912 ഏപ്രിൽ 10- ന് ഇംഗ്ലണ്ടിലെ  സൗത്താംപ്ടൻ തുറമുഖത്ത് നിന്ന്, അമേരിക്കയിലെ ന്യൂയോർക്കിലേക്ക് യാത്ര തിരിച്ച ടൈറ്റാനിക്ക് , അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയുമായി കൂട്ടിയിടിച്ച്, കടലിന്റെ ആഴങ്ങളിൽ മുങ്ങിപ്പോയി. ജീവനക്കാരും, യാത്രക്കാരും ഉൾപ്പെടെ 3547-പേർ ഉണ്ടായിരുന്ന ടൈറ്റാനിക്ക് കപ്പലിൽ നിന്ന്, രക്ഷപ്പെട്ട 705- പേരിൽ ഒരാൾ, കപ്പലിലെ നഴ്‌സായ വയലറ്റായിരുന്നു. ആ നഴ്‌സിന്റെ ജീവിതത്തിലെ രണ്ടാമത്തെ രക്ഷപ്പെടൽ.


പിന്നീട്, നാല് വർഷങ്ങൾക്ക് ശേഷം, ഒന്നാം ലോകമഹായുദ്ധ സമയത്ത്‌, ടൈറ്റാനിക്ക് നിർമ്മിച്ച കമ്പനിയായ ‘RMS’ വീണ്ടും,1916-ൽ ടൈറ്റാനിക്കിന്റെ സഹോദരി ഷിപ്പായി ‘HMHS ബ്രൈറ്റാനിക്ക്’ നീറ്റിലിറക്കി. ബ്രിട്ടീഷ് റെഡ് ക്രോസ്സിനു വേണ്ടി, എല്ലാവിധ ഹോസ്പിറ്റൽ സജ്ജീകരണങ്ങളോടെ നിർമ്മിച്ച കപ്പലയിരുന്നു അത്. 1916 നവംബർ 20-ലെ ഒരു പ്രഭാതത്തിൽ മെഡിറ്ററേനിയൻ പ്രദേശത്തെ ‘ഏഗിയാൻ’ കടലിൽ വച്ച്, ജർമൻ അന്തര്‍വാഹിനിയുടെ മിസൈൽ ആക്രമണത്തിൽ ബ്രൈറ്റാനിക്കും തകർന്നു. ആയിരത്തൽപ്പരം യാത്രക്കാരിൽ നിന്ന് മുപ്പതോളം പേർ മരണത്തിന് കീഴ്പ്പെട്ടു. ആ കപ്പൽ അപകടത്തിൽ നിന്ന് വീണ്ടും നമ്മുടെ കഥാനായിക  അത്ഭുതകരമായി രക്ഷപെട്ടു. പക്ഷേ, ആ അപകടത്തിൽ രക്ഷപ്പെട്ട ബോട്ടിന്റെ പ്രോപ്പല്ലറിൽ ഇടിച്ച്, വയലറ്റിന്റെ തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റി, എന്നാൽ ആറുമാസത്തെ ആശുപതി വാസത്തിന് ശേഷം, വീണ്ടും അവർ തിരിച്ചു റോയൽ മെയിൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.

വർഷങ്ങൾക്ക് ശേഷം, 1950-ൽ വയലറ്റ് ജോലിയിൽ നിന്ന് വിരമിക്കുകയും, ഇംഗ്ലണ്ടിലെ , സഫോൾക്ക് കൗണ്ടിയിലെ Great Ashfield നഴ്സിങ് ഹോമിൽ 1971-ൽ തന്റെ 83-മത്തെ വയസിൽ മരണമടയുകയും ചെയ്തു.ചരിത്രപ്രസിദ്ധമായ മൂന്ന് കപ്പൽ അപകടങ്ങളിൽ ഉൾപ്പെടുകയും, എന്നാൽ അതിൽ നിന്നെല്ലാം അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്താ, മിസ്.വയലറ്റ് കോണ്‍സ്റ്റാൻസ് ജെസോപ്പ്, എന്നാ നഴ്‌സ് അക്കാലത്ത് വളരെയധികം
ജനശ്രദ്ധ നേടിയ വ്യക്തിയാണ്. അന്നത്തെ ഇംഗ്ലണ്ടിലെ മുഖ്യധാരാ മാധ്യമങ്ങൾ അവരെ വിശേഷിപ്പിച്ചാ പേരാണ്, “Miss Unsinkable”.
ഒരിക്കലും മുങ്ങിപോകാത്തവൾ !

അനിൽ ജോസഫ് രാമപുരം.

comments


 

Other news in this section