Friday, January 15, 2021

അജപാലന ആഭിമുഖ്യങ്ങളിൽ ‍ കാതലായ മാററങ്ങൾ ‍ വരുത്തണം:കർദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 

Updated on 18-08-2020 at 11:07 pm

 സഭയുടെ അജപാലന ആഭിമുഖ്യങ്ങളില്‍ കാതലായ മാററം വരുത്തികൊണ്ട് അജപാലനശുശ്രൂഷാരംഗം നവീകരിക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ 28-മത് മെത്രാന്‍ സിനഡിന്‍റെ രണ്ടാമത് സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ അജപാലനപരമായ കാഴ്ചപ്പാടുകളില്‍ വിശ്വാസികളുടെ സമഗ്രമായ വികസനത്തിനു പ്രാധാന്യം നല്കണമെന്ന് എടുത്തുപറഞ്ഞ കര്‍ദിനാള്‍, കഴിഞ്ഞകാലങ്ങളില്‍ ആതുരശുശ്രൂഷാരംഗത്തും വിദ്യാഭ്യാസരംഗത്തും സഭ ഫലപ്രദമായി ഇടപെട്ട് പ്രവര്‍ത്തിച്ചതുപോലെതന്നെ ജനങ്ങളുടെ സാമ്പത്തിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സഭ കാര്യക്ഷമമായി ഇടപെടണമെന്ന് തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

കൃഷിയും വ്യവസായവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്ത് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  തന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍, കാലംചെയ്ത അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനെ അനുസ്മരിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ് മലയോര കര്‍ഷകജനതയുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളേയും ജീവന്‍റെ പ്രോത്സാഹനത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങളേയും എടുത്തുപറയുകയും അദേഹത്തിന് നിത്യശാന്തി നേരുകയും ചെയ്തു.

രൂപതാഭരണത്തില്‍നിന്ന് വിരമിച്ച മാര്‍ മാത്യു അറയ്ക്കലിന്‍റെ നിസ്തുലമായ സഭാശുശ്രൂഷകളെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയും കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി ഉത്തരവാദിത്വം ഏറെറടുത്ത മാര്‍ ജോസ് പുളിയ്ക്കലിന് സിനഡിന്‍റെ പേരിലുള്ള ആശംസകള്‍ അറിയിക്കുകയും ചെയ്തു. പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ പീററര്‍ കൊച്ചുപുരയ്ക്കലിന് പ്രത്യേകം സ്വാഗതമാശംസിച്ചു.

സീറോമലബാര്‍ സഭാവിശ്വാസികളുടെ ഉപയോഗത്തിനായി റോമിലെ സാന്താ അനസ്താസിയ മൈനര്‍ ബസലിക്കാ നല്കിയതിന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കും പൗരസ്ത്യ തിരുസംഘത്തിനും റോമാരൂപതയ്ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ വികാരിജനറാളിനും പ്രത്യേകം നന്ദിപറഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നമ്മുടെ സഭയെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള സഭയുടെ ഒരു ആഗ്രഹപൂര്‍ത്തീകരണമാണിതെന്നും അറിയിച്ചു.

കോവിഡ് കാലത്ത് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രൂപതകളുടെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക ഇടപെടലുകളെ കര്‍ദിനാള്‍ പ്രത്യേകം അനുസ്മരിക്കുകയും എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. കോവിഡ്-19 പ്രോട്ടോക്കോള്‍ നിലവിലിരിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സീറോമലബാര്‍ സഭയിലെ മെത്രാന്‍മാര്‍ക്ക് സഭയുടെ ആസ്ഥാനകാര്യാലയത്തില്‍ വന്ന് പരമ്പരാഗത രീതിയിലുള്ള സിനഡ് സമ്മേളനം നടത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സീറോമലബാര്‍ സഭയുടെ മെത്രാന്‍സിനഡ് ഇലക്ട്രോണിക് പ്ലാററ്ഫോമിലൂടെ നടത്തുന്നത്.

സീറോമലബാര്‍ സഭയിലെ 64 മെത്രാന്‍മാരില്‍ രൂപതാഭരണത്തിലുള്ളവരും വിരമിച്ചവരുമായ 61 പേര്‍ ഈ ഓണ്‍ലൈന്‍ സിനഡ് സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്. മൂന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളായിരിക്കും പ്രധാനമായും സിനഡില്‍ ചര്‍ച്ചചെയ്യുന്നത്. ചൊവ്വാഴ്ച ആരംഭിച്ച മെത്രാന്‍സിനഡ് മൂന്ന് ദിവസം നീണ്ടുനില്ക്കും. ഓരോദിവസവും വൈകുന്നേരങ്ങളില്‍ രണ്ടുമണിക്കൂര്‍ സമയമാണ് സിനഡിനുവേണ്ടി മാററിവെയ്ക്കുന്നത്. വിവിധരാജ്യങ്ങളുടെ സമയക്രമമനുസരിച്ച് എല്ലാ മെത്രാന്‍മാര്‍ക്കും പങ്കെടുക്കുന്നതിനുവേണ്ടിയിട്ടാണ് ഇത്തരത്തില്‍ സമയം ക്രമീകരിച്ചിരിക്കുന്നത്.   

comments


 

Other news in this section