വൈറ്റ്ഹൗസിലേക്ക് അയച്ച തപാൽ കവറിൽ മാരക വിഷത്തിന്റെ സാന്നിധ്യം. ഇതുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ന്യൂയോർക്ക്–-ക്യാനഡ അതിർത്തിയിലെ പീസ് ബ്രിഡ്ജ് പാലത്തിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാരക വിഷപദാർഥമായ റൈസിൻ അടങ്ങിയ കത്ത് ക്യാനഡയിൽനിന്നാണ് വന്നത്.
വൈറ്റ് ഹൗസിലേക്കും യുഎസ് പ്രസിഡന്റിനുമുള്ള കത്തുകൾ സുരക്ഷാപരിശോധന നടത്താനുള്ള സർക്കാർ സംവിധാനത്തിലാണ് കത്ത് തടയപ്പെട്ടത്. പ്രാഥമിക പരിശോധനയിലാണ് റൈസിൻ അടങ്ങിയതായി സംശയമുണ്ടായത്. റൈസിൻ ഉണ്ടാക്കാനുപയോഗിക്കുന്ന പദാർഥമടങ്ങിയ കത്ത് പ്രസിഡന്റ് ട്രംപിനും സർക്കാരിലെ മറ്റ് ചിലർക്കും അയച്ചതിന് 2018ൽ മുൻ നാവികസേനാംഗത്തെ അറസ്റ്റ് ചെയ്തിരുന്നു. 2014ൽ റൈസിൻപൊടി വിതറിയ കത്ത് അന്നത്തെ പ്രസിഡന്റ് ഒബാമയ്ക്കും മറ്റും അയച്ച മിസിസിപ്പിക്കാരന് 25 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.