Wednesday, November 25, 2020

കോവിഡ് -19 നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഓൺ-ദി-സ്പോട്ട് പിഴ: ഹൗസ് പാർട്ടികൾക്ക് കർശന വിലക്ക്

Updated on 21-10-2020 at 5:39 pm

അയർലണ്ടിൽ കോവിഡിനെതിരായ പോരാട്ടങ്ങൾ ശക്തമാക്കി സർക്കാർ. ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ച നിയന്ത്രണ നടപടികൾ വ്യാഴാഴ്ച മുതൽ നിലവിൽ വരുമെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് ഗാർ‌ഡയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ടെന്നാണ് സൂചന.

ഹൗസ് പാർട്ടികൾ കർശനമായും ഒഴിവാക്കും. നിർദ്ദേശങ്ങൾ ലംഘിച്ച് ഹൗസ് പാർട്ടികൾ നടത്തുന്നവർക്ക്‌ 1,000 യൂറോ പിഴയും ഒരു മാസം വരെ ജയിൽ ശിക്ഷയും ലഭിക്കും.

പുതുതായി ആസൂത്രണം ചെയ്ത നിയമനിർമ്മാണം അനുസരിച്ച് ഗവൺമെന്റിന്റെ കോവിഡ് -19 നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഓൺ-ദി-സ്പോട്ട് പിഴകൾ നടപ്പിലാക്കും. 500 യൂറോ വരെയാകും പിഴ ഈടാക്കുക.

ഗാര്‍ഡയ്ക്ക് കൂടുതൽ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള നിയമങ്ങൾ മന്ത്രിസഭ നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. അനധികൃതമായ ഹൗസ് പാര്‍ട്ടികളോ ഒത്തുചേരലോ നടത്തുന്നവർക്ക്‌ പിഴ ചുമത്താനുള്ള അധികാരം ഗാര്‍ഡയ്ക്ക് നൽകിയിരുന്നു. വീടുകളിലോ മറ്റ് ഇന്‍ഡോര്‍ വേദികളിലോ നടക്കുന്ന പരിപാടികൾ പിരിച്ചുവിടുന്നതിനും ഗാര്‍ഡയ്ക്ക് അധികാരം നല്‍കിയിരുന്നു. ഇനിയും ഈ അധികാരങ്ങൾ ഗാർഡയിൽ നിക്ഷിപ്‌തമായിരിക്കും.

നിയമങ്ങൾ ലംഘിച്ച് ഹൗസ് പാർട്ടികൾ നടത്തുന്നവർക്ക്‌ ആദ്യ തവണ 1,000 യൂറോ പിഴയോ / ഒരു മാസത്തെ ജയിൽവാസമോ അല്ലെങ്കിൽ രണ്ടുമോ ലഭിക്കും.

ഇത് രണ്ടാമത്തെ തവണ ലംഘിച്ചാൽ 1,500 യൂറോ പിഴയോ/ മൂന്ന് മാസത്തെ തടവോ / ഇവ രണ്ടും കൂടിയോ നൽകും. മൂന്നാമത്തെ തവണ ലംഘിച്ചാൽ 2,500 യൂറോ പിഴയോ ആറ് മാസത്തെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.

അവശ്യ കാരണങ്ങൾക്കല്ലാതെ 5 കിലോമീറ്ററിൽ അധികം സഞ്ചരിക്കുന്നവർക്ക് 60 യൂറോ പിഴ നൽകേണ്ടിവരും. വ്യാഴാഴ്ച മുതൽ ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. പൊതുസ്ഥലങ്ങളായ ഷോപ്പുകൾ, പൊതുഗതാഗതം എന്നിവിടങ്ങളിൽ ഫേസ്മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്നവർക്കും പിഴയായി ഈ തുക തന്നെ പരിഗണിക്കും.

ഹൗസ് പാർട്ടികൾ നടത്തുന്ന ഇടങ്ങളിൽ അവ അവസാനിപ്പിക്കാൻ ഗാർഡ നിർദ്ദേശം നൽകും. ഈ നിർദ്ദേശം അവഗണിച്ചാൽ വീട്ടുകാർക്കെതിരെ പിഴ ഈടാക്കും. എന്നാൽ വാറന്റില്ലാതെ വീടുകൾക്കുള്ളിൽ പ്രവേശിക്കാൻ ഗാർഡയ്ക്ക് അധികാരം നൽകില്ല. ഹൗസ് പാർട്ടിക്ക് പോകുന്നുവെന്ന് സംശയിക്കുന്ന വ്യക്തിയെ ആ പ്രദേശം വിട്ടുപോകാൻ ഗാർഡയ്ക്ക് ആവശ്യപ്പെടാം. വ്യക്തി വിസമ്മതിച്ചാൽ അയാൾക്കെതിരെ പിഴ ചുമത്തുകയും ചെയ്യാം.

നടപടികൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നിയമനിർമ്മാണം ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

comments


 

Other news in this section