Friday, December 4, 2020

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി മൊറട്ടോറിയം പ്രഖ്യാപിച്ച് ഇലക്ട്രിക് അയർലൻഡ്

Updated on 22-10-2020 at 2:20 pm

കോവിഡ് വ്യാപനംമൂലം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഉപഭോക്താക്കളെ സഹായിക്കാൻ പദ്ധതിയുമായി ഇലക്ട്രിക് അയർലൻഡ് വീണ്ടും രംഗത്ത്.

1.3 ദശലക്ഷം റെസിഡൻഷ്യൽ, ബിസിനസ് ഉപഭോക്താക്കൾക്കായി ‘വിച്ഛേദിക്കൽ മൊറട്ടോറിയം'(Disconnection Relief) വീണ്ടും നടപ്പിലാക്കും. ഇന്നലെയാണ് ഇലക്ട്രിക് അയർലൻഡ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.

രാജ്യത്തെ അനിയന്ത്രിതമായ കോവിഡ് -19 വ്യാപനത്തെ തുടർന്ന് ഇന്നലെ അർദ്ധരാത്രി മുതൽ ലെവൽ-5 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. ഈ സാഹചര്യം കണക്കിലെടുത്ത്‌ ഇലക്ട്രിക് അയർലൻഡ് ഏർപ്പെടുത്തിയ മൊറട്ടോറിയവും ഇന്നലെ അർദ്ധരാത്രി മുതൽ തന്നെ നിലവിൽ വന്നു.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഈ സാഹചര്യത്തിൽ സാമ്പത്തിക ഞെരുക്കവും അനിശ്ചിതത്വവും അനുഭവിച്ചേക്കാവുന്ന എല്ലാ ഉപഭോക്താക്കളെയും സഹായിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡിസംബർ 1 വരെ ഈ പദ്ധതിയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ ഉപഭോക്താളും ഇലക്ട്രിക് അയർലൻഡുമായി ബന്ധപ്പെടണമെന്നും കമ്പനി വക്താവ് അറിയിച്ചു.

ഓരോ ഉപഭോക്താവിന്റെയും വ്യക്തിഗത സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു പേയ്‌മെന്റ് പ്ലാൻ കണ്ടെത്തുന്നതിന് ഇത് സഹായിക്കും. ബില്ലുകൾ അടയ്ക്കുന്നതിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഐറിഷ് മണി അഡ്വൈസ് ആൻഡ് ബജറ്റിംഗ് സർവീസ്, സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി പോൾ തുടങ്ങിയ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു.

ഈ വർഷം ഇത് രണ്ടാം തവണയാണ് കമ്പനി വിച്ഛേദിക്കൽ മൊറട്ടോറിയം അവതരിപ്പിക്കുന്നത്.

comments


 

Other news in this section