Friday, January 15, 2021

അയർലണ്ടിലെ മനോഹരമായ ക്രൈസ്തവ ദേവാലയങ്ങളിലൂടെ ഒരു യാത്ര , ഭാഗം 1.

Updated on 07-11-2020 at 5:50 pm

ഫ്രാൻസിസ് സേവ്യർ

അയർലണ്ടിലെ പള്ളികളിൽ ഏറ്റവും ഗംഭീരം ഏത് എന്നൊരു ചോദ്യത്തിനു പ്രസക്തിയില്ല. എവിടെ തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം മനോഹരമായ പള്ളികൾ മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ , ‘കല്ലെറിഞ്ഞാൽ കൊള്ളുന്നത്’ ഒരു പള്ളിക്ക് മേലായിരിക്കും. അത്രമാത്രം ‘പള്ളികളാൽ പുള്ളിക്കുത്തുകളിട്ട’ നാടാണു അയർലണ്ട്. ‘ വിശുദ്ധന്മാരുടെയും പണ്ഡിതരുടെയും ദ്വീപ്’ എന്ന വിശേഷണവും അയർലണ്ടിനു സ്വന്തമാണ് . മദ്ധ്യകാലത്തെ ചാപ്പലുകൾ തൊട്ട് ബൈസന്റൈൻ ആർഭാടതകൾ വരെ, ലളിത സ്തുതികൾ മുതൽ നിയോ ഗോഥിക് ഫാന്റസികൾ വരെ നിറഞ്ഞ രാജ്യമാണു അയർലണ്ട്.

ചരിത്രം ജീവൻ തുടിക്കുകയും പാരമ്പര്യം ശ്വസിക്കുകയും ജീവിതങ്ങൾ സ്മരിക്കപ്പെടുകയും പരിവർത്തിക്കപ്പെടുകയും ചെയ്യുന്ന ഇടമാണു കത്തീഡ്രൽ. ദൈവത്തിന്റെ സ്നേഹ സാന്നിദ്ധ്യം അനുഭവിക്കാനും പഠിക്കുവാനും ഇവിടെ സർവരും സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു.

ഡബ്ലിനിലെ ഒരു പ്രധാന ഭദ്രാസനപ്പള്ളിയാണു Saint Patrick’s Cathedral. അയർലണ്ടിലെ ഏറ്റവും വലിയ പള്ളിയാണു സെയ്ന്റ് പാട്രിക്സ് കത്തീഡ്രൽ. ബിഷപ്പില്ലാത്ത അയർലണ്ടിലെ ഏക ഭദ്രാസന പള്ളിയുമിതുതന്നെ. അയർലണ്ടിന്റെ ദേശീയ കത്തീഡ്രൽ , 1191 ൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിയാണു. ഇവിടെയാണു സാഹിത്യകാരൻ ജൊനാഥൻ സ്വിഫ്റ്റും അദ്ദേഹത്തിന്റെ പ്രിയതമ സ്റ്റെല്ലയും അന്ത്യവിശ്രമം കൊള്ളുന്നത്. ജൊനാഥൻ സ്വിഫ്റ്റ് ഇവിടത്തെ ഒരു ഉദ്യോഗസ്ഥനായിരുന്നു.സ്വിഫ്റ്റിന്റെ കല്ലറയും മൃത്യുലേഖയും പള്ളിക്കകത്തുണ്ട്.

ഡബ്ലിൻ- ഗ്ലെൻഡലോ രൂപതയ്ക്ക് കീഴിൽ വരുന്ന ഈ പള്ളിയുടെ മേലധികാരി ഡീനാണു. അയർലണ്ടിന്റെ രക്ഷാധികാര വിശുദ്ധനായ സെയ്ന്റ് പാട്രിക്സിന്റെ നാമധേയത്തിലുള്ള പള്ളിയാണിത്. ഇതിനു സമീപമുള്ള കിണറിലെ വെള്ളമുപയോഗിച്ചാണു സെയ്ന്റ് പാട്രിക്സിനെ ജ്നാനസ്നാനം ചെയ്തത്.
പള്ളിയുടെ 143 അടി ഉയരമുള്ള സ്തൂപികയും 4000 പൈപ്പുകളുള്ള പൈപ് ഓർഗണും ഏറെ പ്രസിദ്ധമാണ്‌.
പള്ളിയുടെ നടത്തിപ്പിനായി സർക്കാരിൽ നിന്നും ഗ്രാൻഡ് ഒന്നും ലഭിക്കുന്നില്ല. എന്നാൽ വളന്റിയർമാരാണു നടത്തിപ്പിനുള്ള ചെലവുകൾ സ്വരുക്കൂട്ടുന്നത്. പള്ളി വൃത്തിയാക്കൽ, ബെല്ലടിക്കൽ, അതിഥികളെ വരവേൽക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നതും വളന്റിയർമാരാണു.

അയർലണ്ടിലെ ഏറ്റവും പുരാതനമായ ക്രിസ്റ്റ്യൻ സങ്കേതമാണു പള്ളിനിന്നിരുന്ന ഇടം.

ആരംഭകാലത്തെ പള്ളി മരത്തിൽ തീർത്തതായിരുന്നു.( ഏ.ഡി 5 – ഏ.ഡി 12)
ഏ.ഡി 12 ലാണ് പള്ളിക്ക് കത്തീഡ്രൽ പദവി കൈവന്നത്. ഇപ്പോൾ കാണുന്ന പള്ളി നിർമ്മിക്കപ്പെട്ടത് 1191 നും 1270 നും ഇടയിലെപ്പോഴോ ആണു.

കാലപ്പഴക്കത്താൽ പള്ളിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതു കാരണം 1870ൽ വലിയ തോതിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഇപ്പോൾ കാണപ്പെടുന്ന പല അലങ്കാരപ്പണികളും
വിക്ടോറിയൻ കാലത്ത് ചെയ്യപ്പെട്ടവയാണു.

പുനർനിർമ്മാണത്തിലൂടെ കത്തീഡ്രൽ രക്ഷപ്പെട്ടു. പക്ഷേ നിർമ്മാണം സംബന്ധിച്ച ഒരു രേഖയും , നിർഭാഗ്യവശാൽ ഇപ്പോൽ ലഭ്യമല്ല. അതിനാൽ മദ്ധ്യകാലഘട്ടത്ത് നിർമ്മിക്കപ്പെട്ട യഥാർത്ഥ കെട്ടിടം ഏത്, വിക്ടോറിയൻ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടവ ഏത് എന്ന് തിരിച്ചറിയാൻ വയ്യാതായിട്ടുണ്ട്.

ഒലിവർ ക്രൊംവെൽ ഡബ്ലിനിൽ വസിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കുതിരകളെ കെട്ടിയിരുന്നത് ഈ പള്ളിക്ക് സമീപത്തായിരുന്നു. ഐറിഷ് സംസ്കാരത്തിന്റെ ഒരു പരിഛേദമാണു കത്തീഡ്രൽ.

ഫ്രെഡറിക് ഹാന്റലിന്റെ Messiah കോറസ് കേൾക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ. മെശിഹയുടെ ആദ്യ അവതരണത്തിനു (1742) സെയ്ന്റ് പാട്രിക്സ് കൊയർ സ്കൂളിലെ അംഗങ്ങൾ പങ്കെടുത്തിരുന്നു. ആ സംഗീതത്തിന്റെ കമ്പൊസിഷൻ പള്ളിക്കകത്ത് ഒരു ഗ്ലാസ് കേയ്സിനകത്ത് പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

വിശുദ്ധ പാട്രിക്സ്:

1783 മുതൽ 1871 വരെ വിശുദ്ധ പാട്രിക്കിന്റെ സന്ന്യാസി പരമ്പരയിൽ പെട്ടവരുടെ ചാപ്പലായിരുന്നു ഈ കത്തീഡ്രൽ. അയർലണ്ടിലെ ക്രിസ്തുമതസ്ഥാപകനാണ് പാട്രിക് പുണ്യവാളൻ. പാശ്ചാത്യ ക്രിസ്ത്യൻ സംസ്കാരം നിലനിർത്തുന്നതിലും പോഷിപ്പിക്കുന്നതിലും അയർലണ്ടിലെ സന്ന്യാസിമഠങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. ഈ സന്ന്യാസിമഠങ്ങൾക്കു നേതൃത്വം നൽകിയവരിൽ പ്രഥമഗണനീയൻ സെന്റ് പാട്രിക് പുണ്യവാളൻ ആകുന്നു.

ആർച്ച് ബിഷപ്പ് ലൂക്കിന്റെ നേതൃത്വത്തിലാണ് ഈ പള്ളിയുടെ നിർമ്മാണം നടന്നത്. ഇതു പൂർത്തിയാക്കിയപ്പോഴേക്കും ലൂക്ക് അന്ധനായി എന്നും അതിനാൽ ഇതു പൂർത്തിയായിക്കാണാൻ സാധിച്ചില്ല എന്നുമാണ് പറയപ്പെടുന്നത്. സ്റ്റെയിൻസ് ഗ്ലാസ് ജനാലകളിൽ ബൈബിൾ കഥകളും സെന്റ് പാട്രിക്കിന്റെ ചരിത്രവും ആലേഖനം ചെയ്തിരിക്കുന്നു. എ.ഡി. 461-ൽ 122-ാം വയസ്സിൽ അയർലണ്ടിലെ ഡൗൺ കൗണ്ടിയിൽ സെയ്ന്റ് പാട്രിക് ദിവംഗതനായി എന്നാണു വിശ്വാസം. സെന്റ് പാട്രിക് രചിച്ച രണ്ടു കൃതികൾ കൺഫസോ, എപ്പില എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും പള്ളിയിൽ ഉണ്ട്. ഒന്നാമത്തെ കൃതി ആത്മീയ ആത്മകഥയാണ്. രണ്ടാമത്തെ കൃതി ഐറിഷ് ക്രിസ്ത്യാനികളുടെ മേൽ ബ്രിട്ടീഷുകാർ ക്രൂരമായി പെരുമാറിയതിനെ കുറ്റപ്പെടുത്തി വിവരിച്ചിരിക്കുന്നു. മാർച്ച് 17 ആണ് സെയ്ന്റ് പാട്രിക് ദിനമായി ആഘോഷിക്കുന്നത്. വിനയവാനും ദൈവവിശ്വാസിയും സേവകനുമായി ചിത്രീകരിക്കപ്പെടുന്ന സെയ്ന്റ് പാട്രിക്കിന്റെ ഓർമ്മ പുതുക്കുന്ന ആഘോഷം മാർച്ച് 14 മുതൽ 18 വരെയാണ്, അപ്പോൾ നാടും നഗരവും മുഴുവൻ അണിഞ്ഞാരുങ്ങും . 2.6 കി.മീ. ദൂരത്തിൽ ദേശീയ-ദേശാന്തര നേതാക്കൾ പങ്കെടുക്കുന്ന ഘോഷയാത്രയുമുണ്ടാകും. അറുപതിലേറെ രാജ്യങ്ങളിൽ സെയ്ന്റ് പാട്രിക് ദിനാഘോഷം നടത്തപ്പെടുന്നുണ്ട്. വിവിധയിടങ്ങളിലുള്ള ആഘോഷങ്ങൾക്ക് ഐറിഷ് ഗാനങ്ങൾ ആലപിക്കാറുണ്ട്. “Let us smile each time we get’ എന്ന ഗാനം വളരെ പ്രശതമാണു.

പള്ളിക്കു പുറത്ത്, മനുഷ്യസ്നേഹിയും പ്രശസ്ത മദ്യ നിർമ്മാതാവുമായിരുന്ന ബെഞ്ചമിൻ ലീ ഗിന്നസ്സിന്റെ പൂർണകായപ്രതിമയുണ്ട്. “സമന്വയത്തിന്റെ വാതിൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, നടുക്ക് ദീർഘചതുരത്തിൽ ചെറിയ ദ്വാരത്തോടു കൂടിയ ഒരു വാതിൽ ഈ പള്ളിക്കുണ്ട്. അതിന് ഒരു കഥ പറയാനുണ്ട്. പ്രസിദ്ധമായ രണ്ട് ഐറിഷ് കുടുംബങ്ങളായ ബട്ലേഴ്സ് ഒഫ് ഓർമണ്ടും ഫിറ്റ്സ് ജറാൾഡും പരസ്പര വൈരം മൂത്ത് സംഘട്ടനത്തിലേർപ്പെട്ടു. ബട്ലേഴ്സ് കുടുംബനാഥൻ ഈ കത്തീഡ്രലിൽ അഭയം പ്രാപിച്ചു. കിൽഡയർ പ്രഭു വച്ച ഉപാധി ഇരുവരും സമ്മതിച്ചു. വാതിലിൽ ഇപ്പോൾ കാണുന്ന ദ്വാരം ഉണ്ടാക്കി. അകത്തുനിന്ന് ബട്ലേഴ്സ് നാഥനും പുറത്തുനിന്ന് ഫിറ്റ്സ് ജറാൾഡ് നാഥനും വാതിലിൽക്കൂടി ഹസ്തദാനം ചെയ്തു യോജിപ്പിലെത്തി. ഇരു കൂട്ടരും തമ്മിൽ പിന്നീട് വഴക്കുണ്ടാക്കിയിട്ടില്ല എന്നു ചരിത്രം.

റോബർട്ട് ബോയിൽ:

സെന്റ് പാട്രിക് കത്തിഡലിൽ റോബർട്ട് ബോയിലിന്റെ ശില്പമുണ്ട്. ആധുനിക രസതന്ത്രത്തിന്റെ സ്ഥാപകനും ഭൗതിക ശാസ്ത്രജ്ഞനും രസതന്ത്രജ്ഞനും തത്ത്വചിന്തകനുമായ റോബർട്ട് ബോയിൽ (1627-1691) ഫ്ളോറൻസിൽ പോയി ഗലീലിയോയുടെ അടുക്കൽ പഠിച്ച വ്യക്തിയാണ്. റോയൽ സൊസൈറ്റി സ്ഥാപിച്ചത് (1660) ഇദ്ദേഹമാണ്. കത്തീഡ്രലിന്റെ പടിഞ്ഞാറു ഭാഗത്ത്, റിച്ചാർഡ് ബോയിൽ, 1632-ൽ തന്റെ കുടുംബാംഗങ്ങളുടെയെല്ലാം രൂപങ്ങൾ കൊത്തിയ ഒരു സ്മൃതിഫലകം തയ്യാറാക്കി ഭിത്തിയിൽ ചേർത്ത് വച്ചിട്ടുണ്ട്.

കത്തീഡ്രലിനു വടക്കുഭാഗത്തുള്ള വിശാലമായ പുൽത്തകിടിയോട് ചേർന്ന് ഒരു നിരയിൽ പന്ത്രണ്ടു പേരുടെ സ്മൃതി ഫലകങ്ങൾ ഉണ്ട്. ജോനാഥൻ സ്വിഫ്റ്റ്, ജയിംസ് ക്ലാരൻസ് മാങ്ങാൻ, ഓസ്കാർ വൈൽഡ്, ജോർജ് ബർണാഡ് ഷാ, വില്യം ബട്ലർ യേറ്റ്സ്, ജോൺ മില്ലിങ്ടൺ സിൻജ്, ഷീൻ ഒ കാസി, ജയിംസ് ജോയിസ്, ബണ്ടൻ ബഹാൻ, സാമുവൽ ബക്കറ്റ്, ഐലിസ് ഡിലൻ, ആസ്റ്റിൻ കാർക്ക് എന്നിവരാണ് ഇവിടെ ഓർമ്മിക്കപ്പെടുന്നത്.

comments


 

Other news in this section